10th Death Anniversary of Mammy

 


- ഷൈജ റെജി

പ്രിയപ്പെട്ട മമ്മീ.. മമ്മിയില്ലാത്ത നീണ്ട പത്തു വർഷങ്ങൾ കടന്നു പോയിരിക്കുന്നു. ഒരിക്കൽ പോലും മമ്മി കൂടെയില്ലെന്ന് തോന്നിയിട്ടില്ല.. മമ്മിയെ ഓർക്കാത്ത ഒരു ദിവസം പോലും ഞങ്ങൾ കടന്നു പോയിട്ടില്ല. എങ്കിലും ... മുമ്പിലൊന്ന് കാണാൻ കഴിയാതെ.... നേരിട്ടൊന്ന് സംസാരിക്കാൻ കഴിയാതെ.... ഒന്നു തൊട്ടനുഭവിക്കാൻ കഴിയാതെ.... മാഞ്ഞു പോയില്ലേ...

പ്രിയപ്പെട്ട മമ്മീ.. അങ്ങയുടെ ജീവിത മാതൃക ഇന്ന് ഞങ്ങളുടെ ജീവിതപ്പാതയിൽ വെളിച്ചം പകർന്നു തരുന്നു.. സഹനങ്ങളോടുള്ള മമ്മിയുടെ സമീപനങ്ങളെ അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും എത്രമാതൃകാപരമായിരുന്നു മമ്മിയുടെ മനോഭാവമെന്ന് ഇന്ന് ഞങ്ങൾ തിരിച്ചറിയുന്നു...

  കടന്നു വന്ന ജീവിത സാഹചര്യങ്ങളിൽ പൂർണ്ണ വിശ്വസ്തതയോടെ ജീവിച്ചവൾ... ജീവിതമൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ ഞങ്ങളെ പ്രാപ്തയാക്കിയവൾ... പ്രതിസന്ധികളെ തരണം ചെയ്തു ജീവിക്കാൻ ഞങ്ങളെ പഠിപ്പിച്ചവൾ .... പപ്പയോട് ചേർന്ന് അദ്ധ്വാനിച്ച് ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകിയവൾ.... ഞങ്ങൾക്കു മാത്രമല്ല, കുറെ മിണ്ടാപ്രാണികൾക്കും അന്നം നൽകിയവൾ...

ഒരൽപം വിശ്രമം കൊതിച്ചിട്ടുണ്ടാവാം. പക്ഷേ... വിശ്രമിക്കാൻ സമയം കിട്ടാതെ .... ഞങ്ങൾക്കു വേണ്ടി......

    അപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച് ആശുപത്രി ക്കിടക്കയിലായിരിക്കുമ്പോൾ എന്താണിങ്ങനെ എന്ന ചോദ്യത്തിനുത്തരം ദൈവവചനം ഞങ്ങൾക്കു തന്നു. അന്നാദ്യമായി ആ വചനം മനസിലുടക്കി. മമ്മിയുടെ ജീവിതം അന്വർത്ഥമാക്കിയ വചനം. " അനന്തരം സ്വർഗ്ഗത്തിൽ നിന്ന് പറയുന്ന ഒരു സ്വരം ഞാൻ കേട്ടു. എഴുതുക , ഇപ്പോൾ മുതൽ കർത്താവിൽ മൃതിയടയുന്നവർ അനുഗ്രഹീതരാണ്. അതേ, തീർച്ചയായും. അവർ തങ്ങളുടെ അദ്ധ്വാനങ്ങളിൽ നിന്ന് വിരമിച്ച് സ്വസ്ഥരാകും. അവരുടെ പ്രവൃത്തികൾ 

അവരെ അനുഗമിക്കുന്നു എന്ന് ആത്മാവ് അരുൾച്ചെയ്യുന്നു.

 (വെളിപാട് 14:13)

ഒരായുസിനു തുല്യമായ അദ്ധ്വാന ജീവിതത്തിനു ശേഷം 57ാം വയസിൽ വിശ്രമത്തിലേക്ക്... ഞങ്ങളുടെ നഷ്ടം....ഒരായുസിന്റെ നഷ്ടം.... കാലം ഇനിയും കടന്നുപോകും... ഓർമ്മകൾ നിലനിൽക്കുന്നു....

ഓർക്കാൻ ഒരുപാടുണ്ട്... ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ...അത് മനസിലുടക്കി നിന്നത്... അന്ത്യ ശുശ്രൂഷയിൽ നല്ല വാക്ക് പറയാൻ അതേയാൾ തന്നെ വന്നത്.... ഒന്നും യാദൃശ്ചികമല്ലെന്ന് തിരിച്ചറിയുന്നു....

മമ്മീ എന്ന ഓരോ വിളിയിലും കൂടെ വരുന്നുണ്ടെന്ന അനുഭവം ... അതെങ്ങനെ പറഞ്ഞറിയിക്കാനാവും ...? മൃതസംസ്ക്കാര ശുശ്രൂഷ ക്കൊടുവിൽ ആരോ ഒരാൾ മമ്മിയുടെ ശരീരത്തിൽ നിന്ന് കൊന്തയിലെ കുരിശ് മാത്രം കൈയിലേക്ക് വച്ചു തന്നപ്പോൾ സ്തംഭിച്ചു പോയി..! കൈയിൽ മുറുക്കിപ്പിടിച്ചിരുന്ന കൊന്തയിലെ കുരിശ് തിരക്കിനിടയിലെവിടെയോ കൈവിട്ടുപോയ കാര്യം മമ്മി മനസിലാക്കിയതുപോലെ...!

പിന്നീട് ... 

ഞങ്ങൾക്കപരിചിതമായിരുന്ന മമ്മിയുടെ അടുക്കളയിലേക്ക് കയറിയ നിമിഷങ്ങൾ.... എല്ലാം അപരിചിതമായിരുന്നെങ്കിലും മമ്മീ എന്ന വിളിയിൽ എല്ലാം കൺമുൻപിൽ ... അതിന്നും ഞങ്ങൾക്കങ്ങനെ തന്നെ... മറഞ്ഞിരിക്കുന്നതെല്ലാം മമ്മീ എന്ന വിളിയിൽ ഞങ്ങൾക്ക് കാണിച്ചു തരുന്നു....ഒന്നും യാദൃശ്ചികമല്ല... യഥാർത്ഥ അനുഭവങ്ങൾ ...

ഇനിയുള്ള ഒരേ ഒരു പ്രതീക്ഷ... നിത്യത....

അവിടെക്കാണാമെന്ന പ്രത്യാശയിൽ ഞങ്ങൾ കാത്തിരിക്കുന്നു....

Comments