ഒരു പഞ്ചാബി സ്‌മരണയ്ക്കു മുമ്പിൽ
- SHYJA REJI
1
പുറത്ത് ശക്തിയോടെ മഴ പെയ്യുന്നുണ്ടായിരുന്നു. ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ നോക്കി ഞാൻ ഇരുന്നു. അവിടെ വീഴുന്ന ഓരോ തുള്ളികളും ചിതറിത്തെറിക്കുന്ന പളുങ്കുപാത്രം പോലെ എനിക്ക് തോന്നി. അവയിൽ എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അലിഞ്ഞു ചേർന്നിരുന്നുവോ? അതുകൊണ്ടാവാം എനിക്ക് അങ്ങനെ തോന്നിയത്. വീണ്ടും ആ മഴത്തുള്ളികൾ നോക്കി ഞാനിരുന്നു. ഇപ്പോൾ അവിടത്തെറിക്കുന്നത് മുത്തുമണികൾ ആണോ? ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ എന്നിൽ അവശേഷിപ്പിച്ച് മഴത്തുള്ളികൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ക്കഴിഞ്ഞിരുന്നു.
ബാല്യത്തിന്റെ കൊഞ്ചലുകളും മാതൃത്വത്തിന്റെ അമൃതും എന്റെ ചുറ്റും പ്രസരിക്കുമ്പോഴും എന്റെ ചിന്തകൾക്ക് പരിധിയില്ലായിരുന്നു. കുരുന്നു മനസ്സിന്റെ നിഷ്കളങ്കത എന്റെ മുൻപിൽ ഒരു ചോദ്യമായി കടന്നുവരുമ്പോഴും ഞാൻ ഏതോ ലോകത്ത് ആയിരുന്നു.
ആദ്യാക്ഷരത്തിന്റെകയ്പും മധുരവും പകർന്നു തന്ന എന്റെ വിദ്യാലയത്തിൽ കണ്ടിട്ടുണ്ടായിരുന്ന, എന്റെ മാതൃരാജ്യത്തിന്റെ അതിരുകൾ തെളിഞ്ഞു നിൽക്കുന്ന ഭൂപടവുമായി എന്റെ കൊച്ചനുജത്തി എന്റെ അടുത്തേക്ക് വന്നു. പേരിൽ പോലും ഭീകരത നിറഞ്ഞിരിക്കുന്ന ആ നാടിനെ ചൂണ്ടി അവൾ ചോദിച്ചു ഇതാണോ പഞ്ചാബ് ? ഞാൻ ഒന്ന് നടുങ്ങി . എന്റെ നടുക്കം നിശബ്ദതയായാണ് പുറത്തേക്ക് വന്നത്. അവൾ വീണ്ടും അതേ ചോദ്യം ആവർത്തിച്ചപ്പോൾ ഞാനും അതിലേക്ക് നോക്കി. കുരുന്നു മനസ്സിന്റെ നിഷ്കളങ്കത വീണ്ടും ചോദ്യ രൂപത്തിൽ പുറത്തേക്ക് വന്നു. ഇങ്ങോട്ട് ആണോ ചേച്ചി പോകുന്നത് ? ആ ചോദ്യം ഞാനും സ്വയം ചോദിച്ചു ആണോ? എന്റെ നിശബ്ദത ആ കുഞ്ഞിനെ അത്ഭുതപ്പെടുത്തി. വീണ്ടും ആ ചോദ്യം എന്റെ കാതിൽ മുഴങ്ങിയപ്പോൾ ഞാൻ ഉത്തരം കൊടുത്തു. പക്ഷേ... എനിക്കത് ഉത്തരമായിരുന്നില്ല. ഉത്തരമില്ലാത്ത ചോദ്യമായിരുന്നു. വർഷങ്ങൾക്കു മുൻപ് പത്രത്താളുകളിൽ ഭീകരതയുടെ ചിത്രം വരച്ചുകൊണ്ട് കടന്നു വന്നിട്ടുള്ള ഈ നാട് എന്റെ
സ്വന്തമാവുകയോ ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നേയില്ലായിരുന്നു. അനേകം നാവുകളും ഈ നാടിനെ ഭീകരമായി വർണ്ണിച്ചപ്പോൾ ഞാൻ പുൽകിയത് നിശബ്ദതയായിരുന്നു. അതായിരുന്നല്ലോ എന്നുമെന്റെ വിജയവും.
2
എന്റെ ജന്മനാട്ടിൽ വീണ്ടുമൊരു പ്രഭാതം കൂടി എന്നെത്തേടി വന്നപ്പോൾ അകലെ പള്ളിമണി മുഴങ്ങുന്നത് കേട്ടുകൊണ്ട് ഞാൻ ഉണർന്നു ഈ പുലരിക്ക് എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടായിരുന്നു. എനിക്ക് സ്വപ്നങ്ങൾ നൽകിയ നാട് . പ്രതീക്ഷകളും, പിന്നെ അനുഭവങ്ങളും . എല്ലാം ഓർത്തുകൊണ്ട് ഞാൻ നടന്നു. എന്റെ ഭാരങ്ങളൊക്കെ നിത്യവും ഇറക്കി വയ്ക്കാറുള്ള ഭവനത്തിലേക്ക് . ജീവിതം എന്തെന്ന് എനിക്ക് മനസ്സിലാക്കി തന്ന എന്റെ പ്രിയപ്പെട്ടവർക്കൊപ്പം അന്ന് ഞാൻ അവിടെയായിരുന്നു. ഞാൻ കണ്ടതിനൊക്കെ അപ്പുറം ഇനിയൊരു ജീവിതം ഞാൻ കാണുമോ? ആ നാട് നിന്നെ സ്വീകരിച്ചില്ലെങ്കിൽ നീ തിരിച്ചു വരുമോ ? ആ ചോദ്യം എന്റെ കാതിൽ ശക്തിയായി മുഴങ്ങിയപ്പോൾ എന്റെ ചിന്തയുടെ താളം തെറ്റി. ഇല്ല, എന്റെ ഉത്തരം അത് മാത്രമായിരുന്നു. മറിച്ച് ഒരുത്തരം നൽകാൻ എനിക്ക് കഴിയുമായിരുന്നില്ലല്ലോ.. എന്നെ സ്വീകരിക്കാത്തതിനെയൊക്കെ സ്വീകരിക്കാനല്ലേ അനുഭവങ്ങൾ എന്ന് പഠിപ്പിച്ചത് ? എന്റെ സ്വപ്നത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതും അതാണല്ലോ.
എല്ലാ ഭാരവും ഇറക്കിവെച്ച് ശാന്തരായി കടന്നുപോകുന്ന അനേകർ എന്റെ ചിന്തകൾക്ക് വിരാമം ഇട്ടു . അവരുടെ ചോദ്യങ്ങളും . അവരുടെ ചോദ്യങ്ങൾക്ക് ഒന്നിനും എനിക്ക് മറുപടിയില്ലായിരുന്നു. പക്ഷേ എന്റെ അധരങ്ങൾ അവർക്ക് വേണ്ടി ചലിച്ചു എന്ന് എനിക്ക് തോന്നി. ഞാൻ ദൂരേക്ക് നോക്കി. എന്റെ ഗ്രാമത്തിന്റെ ഐശ്വര്യം ഒന്നുകൂടി ഞാൻ കണ്ടു. കൊച്ചരുവികളും മഞ്ഞുമലകളുമുള്ള എന്റെ ഗ്രാമത്തിൽ ഒരു കൊച്ചു മലയുടെ മുകളിൽ തലയുയർത്തി നിൽക്കുന്ന ദേവാലയം ഞാൻ കണ്ടു. അപ്പോൾ ഭൂമിയിലേക്ക് രണ്ടു മുത്തുമണികൾ വീഴുന്നതും ഞാൻ അറിഞ്ഞു.
3
ഇപ്പോൾ ഞാൻ ഒരുപാട് അകലെ എത്തിക്കഴിഞ്ഞിരുന്നു. എന്റെ ക കൺമുൻപിൽ അനേകം വാഹനങ്ങൾ ഞാൻ കണ്ടു. ഞാൻ എന്റെ ചുറ്റും നോക്കി. ഒരുപാട് പേരെ ഞാൻ അവിടെ കണ്ടു. എന്റെ അടുത്ത് ഒരു ഭാണ്ഡവും ഉണ്ടായിരുന്നു ഞാനൊന്ന് ഞെട്ടിയോ? അതെന്റെ അനുഭവങ്ങളുടെ ഭാണ്ഡമായിരുന്നുവോ? ഞാൻ ഇങ്ങനെ ചിന്തിക്കവേ പെട്ടെന്ന് ഒരു ശബ്ദം.. ഞാൻ കയറിയ വാഹനം നിന്നതായിരുന്നു അത്. ഞാൻ ഒരു യാത്രയിലായിരുന്നു .അതെ, ഞാൻ എന്റെ യാത്ര ആരംഭിച്ചിരുന്നു.. ഇപ്പോൾ ഞാൻ എന്റെ ജന്മനാട്ടിൽ നിന്നും ഏറെ അകലെയായി ക്കഴിഞ്ഞിരുന്നു. എങ്കിലും എനിക്ക് പിന്നിടുവാൻ ഇനിയും എത്രയോ ദൂരം? ഞാനിപ്പോൾ എവിടെയോ എത്തിയിരിക്കുന്നു. എവിടെ? എന്റെ ഈ യാത്രയിൽ എനിക്ക് സഹായമേകാൻ നിയോഗിക്കപ്പെട്ട സ്നേഹിതരുടെ ഭവനത്തിലേക്ക് ഞാൻ എത്തപ്പെട്ടിരുന്നു. അവിടെക്കണ്ട സ്നേഹിക്കുന്ന മുഖങ്ങൾക്ക് എന്നും ആ രൂപമായിരിക്കട്ടെ.
4
ഒരു ദിനം കൂടി കടന്നു പോയപ്പോൾ അതിന്റെ മനോഹരമായ സായാഹ്നവും എന്നെ എതിരേറ്റു. അവിടെ ഞാനെന്റെ ദീർഘമായ യാത്ര ആരംഭിക്കുകയായിരുന്നു.എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും മോഹങ്ങളുമെല്ലാം എവിടെനിന്നോ വന്ന ഇളം തെന്നലിന്റെ നീട്ടിയ കരങ്ങളിലേക്ക് വച്ചുകൊടുത്ത് ഞാൻ എന്റെ യാത്ര ആരംഭിച്ചു.
പുതിയ അനുഭവത്തിന്റെ പുതുപുത്തൻ സാഹചര്യങ്ങളോടെ ഞാനെന്റെ നീണ്ട യാത്ര ആരംഭിച്ചു. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരുപാട് മനുഷ്യരെ ഞാൻ അവിടെ കണ്ടു. ഇനി രണ്ടു ദിനങ്ങൾ അവർക്കൊപ്പം. അവിടെ അപ്പോൾ മൂകതയായിരുന്നു പ്രിയപ്പെട്ടവരെ വേർപിരിയുന്ന നൊമ്പരം നിശബ്ദതയായി മനസ്സുകളിൽ സ്ഥാനം പിടിച്ചതാവാം ആ മൂകതയ്ക്ക് കാരണം. എങ്കിലും, ആ നിശബ്ദത എന്നെ അലോസരപ്പെടുത്തി. പിന്നെ അത് ഭയമായി മാറി. അൽപ സമയത്തിനു ശേഷം
മനസ്സിൽ കടന്നുവന്ന മൂകതയും എന്റെ ചിന്തകളും എങ്ങോ മറന്നിരുന്നു ഞാനിപ്പോൾ വർത്തമാനകാലത്തിൽ മാത്രമായിരുന്നു. ഇടയ്ക്കെപ്പോഴോ ഭാവിയുടെ ആകാംക്ഷ എന്നെ പിടികൂടി. ഇനി എന്റെ സ്വന്തം ആകേണ്ടവർ ഒപ്പമായിരിക്കുമ്പോൾ എന്റെ ചിന്തകൾ മുന്നിലേക്കും സഞ്ചരിച്ചു. ഞാൻ ആയിരിക്കേണ്ട പുതിയ നാടിന്റെ വർണ്ണനകൾ ഞാൻ അവിടെ കേട്ടു. അവിടെയായിരുന്നു കൊണ്ട് ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വന്യജീവികളെയും കണ്ടു. ഒരിക്കൽ പോലും ജീവിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിലും ഞാൻ ജീവിച്ചു. അവിടെ എന്റെ ചിന്തകൾ ഭാവനകൾ ആയി രൂപാന്തരപ്പെടുകയായിരുന്നു. അവിടെവച്ച് ഞാൻ മറ്റൊരാളായി തീർന്നുവോ?
5
ഞാൻ ഒരുപാട് ദൂരം പിന്നിട്ടുവെന്ന് എപ്പോഴോ ഞാൻ അറിഞ്ഞു. അതെ, ഞാൻ ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. എന്നിൽ നിന്നും ഞാൻ ഒരുപാട് ദൂരം പിന്നിട്ടില്ലേ... കയ്പു നിറഞ്ഞതെല്ലാം എനിക്കിവിടെ മധുരമാവുകയായിരുന്നില്ലേ ? എന്റെ യാത്ര എനിക്ക് പുതിയ അനുഭവങ്ങൾ നൽകുകയായിരുന്നു . അവിടെ ഞാൻ ഒരുപാട് മനുഷ്യരെക്കണ്ടു. പക്ഷേ... നിത്യസ്നേഹത്തിന്റെ രൂപം വഹിക്കുന്നവരുടെ മുഖത്ത് മാത്രമേ നിറഞ്ഞ പുഞ്ചിരി ഞാൻ കണ്ടുള്ളൂ. അവർക്ക് ഭാരങ്ങൾ ഇല്ലല്ലോ.. അവർ വഹിക്കുന്നത് സ്നേഹം മാത്രമല്ലേ...? അതിനെ ഭാരമേ ഇല്ലല്ലോ. ഇടയ്ക്ക് എപ്പോഴോ ഈ യാത്ര വേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ ഇനി ജീവിക്കേണ്ട ഭവനവും എന്റെ ചുറ്റുപാടും ഭീകരമായി വിശേഷിപ്പിക്കപ്പെട്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി. പക്ഷേ... ആ ഭീകരതയെ പോലും നിഷ്പ്രഭമാക്കാൻ കഴിയുന്നവരെ ഞാൻ അവിടെക്കണ്ടു. അതെനിക്ക് ആശ്വാസത്തിന്റെ കുളിരാവുകയായിരുന്നു.
6
ഇപ്പോൾ ഞാൻ ഏതാനും രാവുകൾ പിന്നിട്ടിരുന്നു. എന്റെ നാട് ഇപ്പോൾ എനിക്ക് അന്യമായി തീർന്നിരിക്കുന്നു, എന്ന് ഞാൻ അറിഞ്ഞു. ദൂരെ ഈ നാട്ടിൽ ഒരു സാന്ത്വനം പോലെ പ്രിയപ്പെട്ടവരെയും ഞാൻ കണ്ടെത്തി. അവിടെ മനസ്സിന്റെ വ്യത്യസ്ത വികാരങ്ങളെ കണ്ണീർമുത്തുകളാക്കി മാറ്റി വീണ്ടും ഞാൻ ലക്ഷ്യത്തിലേക്ക് നടന്നുപോയി. എന്റെ ഭാവനകളെ കാറ്റിൽ പറപ്പിച്ച് ഞാനെന്റെ പുതിയ നാട്ടിലെത്തി. എന്തിനോവേണ്ടി കാത്തിരിക്കുന്ന പാടങ്ങളും തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങളും . പിന്നെ ഒരിക്കലും കണ്ടിട്ടില്ലാത്ത കുറെ മനുഷ്യരും എന്നെ എതിരേൽക്കാൻ അവിടെ ഉണ്ടായിരുന്നു. അവരൊക്കെ നിശബ്ദമായി എന്നെ എതിരേറ്റപ്പോൾ ഇനി എനിക്ക് പ്രിയപ്പെട്ടവർ ആകേണ്ടവർ നിറഞ്ഞ മനസ്സിന്റെ തുളുമ്പലുകളായ വാക്കുകളോടെ എന്നെ എതിരേറ്റു. ഇവിടെ ഞാനൊരു പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. വ്യത്യസ്ത ജനതയുടെ വ്യത്യസ്ത വികാരങ്ങളും വിചാരങ്ങളും ഞാനിവിടെ കണ്ടു. മഞ്ഞിൽ കുളിച്ച പ്രഭാതങ്ങളും സായാഹ്നങ്ങളും എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. എനിക്ക് കഴിയില്ലായെന്ന് ഞാൻ വിചാരിച്ച തൊക്കെ ആരോ എനിക്കായി ചെയ്യുന്നതുപോലെ തോന്നി. എന്നും ഞാൻ ആഗ്രഹിച്ചതൊക്കെ ഇവിടെ എന്റെ സ്വന്തമായപ്പോൾ എന്നെ സംരക്ഷിക്കുന്ന അദൃശ്യകരങ്ങൾ ഒരിക്കൽക്കൂടി എനിക്ക് അത്ഭുതമാവുകയായിരുന്നു. ഇവിടെ ഞാൻ എന്തിനെ ഭയപ്പെട്ടുവോ അവയെയൊക്കെ കൂടുതൽ ശക്തിയോടെ എന്റെ മുൻപിലേക്ക് കടന്നുവന്നപ്പോൾ എനിക്ക് ഇവിടെ ഭയമായിരുന്നില്ല, എന്റെ മനസ്സിന്റെ ഭാരങ്ങളൊക്കെ ഈ മഞ്ഞു കണങ്ങളിൽ അലിഞ്ഞു പോയതാണോ?
7
മഞ്ഞിൽ കുളിച്ച എന്റെ സായാഹ്നങ്ങൾ എന്നെ നയിക്കുന്നത് മറ്റേതോ ലോകത്തേക്ക് ആണോ..? എന്റെ ജന്മ നാടിന്റെ സൗന്ദര്യം എനിക്ക് പകർന്നു നൽകുന്നത് ഈ മഞ്ഞു കണങ്ങൾ മാത്രമല്ലെന്ന് എനിക്ക് തോന്നി. കൊഴിഞ്ഞുപോയെന്ന് ഞാൻ വിചാരിച്ച എന്റെ ഇന്നലെകൾക്ക് പുനർജന്മം കിട്ടിയതായിരുന്നുവോ...!ചരിത് രത്തിന്റെ താളുകളിൽ ഭീകരത മാത്രം നിറഞ്ഞുനിൽക്കുന്ന ഈ നാട് ഇന്നെന്റെ സ്വന്തമായപ്പോൾ എന്റെ ജീവിതം എനിക്ക് അത്ഭുതമാവുകയായിരുന്നു. കടന്നുപോയ എന്റെ വത്സരങ്ങൾ എനിക്ക് നൽകാത്ത ഇന്നിന്റെ അനുഭവങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു. വേദനയുടെ മാറാപ്പുമേന്തിക്കടന്നുപോയ ഇന്നലെകൾ ഇന്നെന്റെ വഴികാട്ടിയാകുന്നു. ഞാൻ ആയിരിക്കുന്ന ഈ നാട് എന്റെ ഭാവനയിൽ നിന്നും എത്രയോ അകലെയാണ് ! ഈ നാടിനെ കുറിച്ചുള്ള വർണ്ണനകൾക്ക് വന്യതയുടെ രൂപം ഉണ്ടായിരുന്നെങ്കിലും നാടിന്റെ ഐശ്വര്യം മാത്രമേ ഞാൻ ഇവിടെ കണ്ടുള്ളൂ. ഭീകരമായി മാത്രം വിശേഷിപ്പിക്കപ്പെട്ട ഇവിടെ അങ്ങനെയൊന്നും ഞാൻ കണ്ടതേയില്ല.
കടന്നു പോകുന്ന ഈ നിമിഷങ്ങൾക്ക് ഭൂതകാലത്തിന് നൊമ്പരങ്ങളോ ഭാവിയുടെ ആകുലതകളോ ഇല്ലല്ലോ... വർത്തമാനകാലത്തിന്റെ യാഥാർത്ഥ്യങ്ങൾ മാത്രം ഇപ്പോൾ എന്നെ തേടിവരുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്നതൊക്കെ ഇപ്പോഴും എന്റെ സ്വന്തം . എപ്പോഴാ കൈവിട്ടു എന്ന് തോന്നിയതൊക്കെ വീണ്ടും എന്നെത്തേടി വരികയാണോ? അന്ന് ഞാൻ കണ്ട സ്വപ്നങ്ങൾക്ക് അർത്ഥം ഉണ്ടായിരുന്നോ?
8
എന്റെ നാടിന്റെ മധുരിക്കുന്ന ഓർമ്മകളുമായി കടന്നുവരുന്ന ഈ കുളിർത്തെന്നലിൽ പോലും നിറഞ്ഞുനിൽക്കുന്ന ഒരു സൗന്ദര്യം ഞാൻ കണ്ടു. ആ സൗന്ദര്യം എത്രയോ പ്രാവശ്യം ഞാൻ ആസ്വദിച്ചിരിക്കുന്നു. സ്വന്തം എന്ന് വിശേഷിപ്പിക്കപ്പെടാൻ ആരോരുമില്ലാത്ത ഈ നാട്ടിൽ ഞാൻ കാണുന്ന ഈ സൗന്ദര്യം എന്നെ വല്ലാതെ ആകർഷിക്കുകയാണോ..? അനശ്വരമായ എന്തിനോ വേണ്ടിയുള്ള എന്റെ യാത്ര അവസാനിച്ചു എന്ന് ഞാൻ വിചാരിച്ചത് വെറുതെയായിരുന്നു. എന്റെ ചുറ്റിനും നിറയുന്ന ഈ ഹിമ കണങ്ങൾക്ക് മറ്റെന്തിന്റെയോ രൂപം ഇല്ലേ ...? പ്രഭാതത്തിൽ ഒഴുകിവരുന്ന കുളിർത്തെന്നലും മന്ത്രിക്കുന്നതും അതുതന്നെയല്ലേ.?
മാതൃരാജ്യത്തിന്റെ ഈ അതിർത്തിയിൽ ആസന്നമായ യുദ്ധത്തിന്റെ ആരവങ്ങൾക്ക് കാതോർത്തിരിക്കുമ്പോൾ ഭയത്തേക്കാളേറെ ആശ്വാസമല്ലേ എനിക്ക് തോന്നുന്നത്..! വിദൂരതയിൽ നിന്നും വിമാനത്തിന്റെ ഇരമ്പൽ കാതുകളിൽ മുഴങ്ങുമ്പോൾ എന്നുള്ളിൽ നിറയുന്നത് പ്രതീക്ഷയുടെ പുതുപുത്തൻ നാമ്പുകളാണ്. ഒരുപാട് വ്യത്യസ്തരായ മനുഷ്യർക്ക് നടുവിൽ വ്യത്യസ്തയായി ഞാനും. അറിയാതെ കടന്നുവരുന്ന വേദനയും മനസ്സിൽ നിറയുന്ന ഒരുപാട് ചോദ്യങ്ങളുമൊക്കെ പലപ്പോഴും നിശ്ചലമായി പോകുന്നു. മനസ്സിന്റെ നൊമ്പരങ്ങൾക്ക് കണ്ണീരിന്റെ രൂപം നൽകാൻ പോലും ഇന്നെനിക്ക് കഴിയുന്നില്ലല്ലോ... എങ്കിലും ഞാൻ സന്തോഷിക്കട്ടെ . ആർക്കൊക്കെയോ വേണ്ടി എറിഞ്ഞു തീരാൻ തയ്യാറായ എനിക്ക് ഇവിടെയും ഒരു മെഴുതിരി ആകാൻ കഴിഞ്ഞെങ്കിൽ! ഇവിടെയും വിതയ്ക്കപ്പെടേണ്ടത് സ്നേഹത്തിന്റെ വിത്തുകൾ ആണല്ലോ.. അത് അല്പം എങ്കിലും വിതയ്ക്കാൻ എനിക്കും കഴിഞ്ഞെതിൽ എന്നു ഞാൻ ആശിക്കുന്നു. മഞ്ഞിൽ കുളിച്ച ഓരോ പ്രഭാതവും എനിക്ക് പ്രതീക്ഷ നൽകുമ്പോൾ സന്ധ്യയുടെ ഹിമ കണങ്ങളിൽ എന്റെ ദുഃഖങ്ങളും ലൗകിക മോഹങ്ങളും സ്വാർത്ഥതയുമെല്ലാം അലിഞ്ഞു പോകട്ടെ ...!എന്റെ ദിനങ്ങളിൽ ബാല്യത്തിന്റെ കിളികൊഞ്ചലുകൾ മാത്രം നിറയട്ടെ... അങ്ങനെ ഒരിക്കലും ഇതൊരു നഷ്ടമായി എനിക്ക് തോന്നാതിരിക്കട്ടെ. അങ്ങനെ ആകാതെയും...
***********

Comments
Post a Comment