ഒരു മഞ്ഞുതുള്ളിയുടെ അന്ത്യം

 


- Shyja Reji


ദൂരെ, ചക്രവാള സീമയിൽ അസ്തമിക്കാൻ തുടങ്ങുന്ന സൂര്യനെ നോക്കി നിന്നപ്പോഴാണ്  ഞാൻ ഒരു കാഴ്ച കണ്ടത്. വിടരാൻ വെമ്പിനിൽക്കുന്ന  ഒരു കൊച്ചു റോസമൊട്ടിന്റെ  അല്പം വിരിഞ്ഞ ഇതളുകൾക്കിടയിൽ നിന്നും ഒരു മഞ്ഞുതുള്ളി എത്തി നോക്കുന്നു. എന്റെ നോട്ടം കണ്ടിട്ടാവണം വീണ്ടും ആ മഞ്ഞുതുള്ളി പതിയെ ഇതളുകൾക്കിടയിൽ ഒളിച്ചു. പക്ഷേ.. വീണ്ടുമത് പ്രതീക്ഷയോടെ തലയുയർത്തി നോക്കുന്നത് ഞാൻ കണ്ടു.പാവം...സൂര്യൻ മറഞ്ഞാലല്ലേ അതിനു പുറത്തേക്ക് വരാൻ കഴിയൂ അല്ലെങ്കിൽ സ്വന്തം രൂപം പോലും അതിനു നഷ്ടമാവില്ലേ..? ഞാൻ ദൂരെ ചക്രവാളസീമയിലേക്ക് നോക്കി. സൂര്യൻ പാതി മറിഞ്ഞു കഴിഞ്ഞിരുന്നു. അപ്പോൾ ആ മഞ്ഞുതുള്ളി ഒരു ചെറുപുഞ്ചിരിയോടെ പുറത്തേക്ക് വന്നിരുന്നു. എങ്കിലും അതിന്റെ മുഖത്ത് ഒരു ശോകഭാവം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് കാണാം. സൂര്യരശ്മികളെയാണത് ഭയക്കുന്നത് എന്നെനിക്ക് തോന്നി. ആ രശ്മികൾക്ക് ആ കൊച്ചുഹിമ കണത്തെ ഇല്ലാതാക്കാൻ പോലും കഴിയുമല്ലോ. ഞാൻ വീണ്ടും ചക്രവാളത്തിലേക്ക് നോക്കി. ചക്രവാളത്തിനുമപ്പുറം സൂര്യൻ ഇപ്പോൾ മറഞ്ഞു കഴിഞ്ഞിരുന്നു. ഇപ്പോൾ ആ മഞ്ഞുതുള്ളിയുടെ മുഖത്ത് നിറഞ്ഞുനിന്നത് പുഞ്ചിരി മാത്രമായിരുന്നു. ഈ നിശബ്ദ രാത്രിയിൽ ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന റോസപുഷ്പത്തിന്റെ മിഴികളിൽ തൊട്ടു തലോടി ആ കൊച്ചു ഹിമകണം  കളിച്ചുല്ലസിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ രാപ്പാടിയുടെ മധുര സംഗീതത്തിൽ അത് ലയിച്ചിരിക്കുന്നതും ഞാൻ കണ്ടു. ലോകം മുഴുവൻ ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് തനിയെ കളിച്ചുല്ല സിക്കുന്ന ആ കൊച്ചു ഹിമകണത്തോട് എനിക്ക് അനുകമ്പ തോന്നി. അതിന് കളിക്കൂട്ടുകാർ ആരും ഇല്ലല്ലോ. എങ്കിലും അതിനിപ്പോൾ ദുഃഖമേ ഇല്ലായിരുന്നു. തന്റേതു മാത്രമായ  ആ കൊച്ചു ലോകത്ത് അത് കളിച്ചുല്ലസിച്ചുകൊണ്ടിരുന്നു.

  കിളികളുടെ 'കളകള' ശബ്ദം കേട്ടപ്പോൾ ഞാൻ ദൂരേക്ക് നോക്കി. കിഴക്കൻ ചക്രവാളത്തിൽ നിന്ന് സൂര്യൻ പതുക്കെ ഉദിച്ചുവരുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ ആ മഞ്ഞുതുള്ളിയെ നോക്കി. അത് ഒന്നുമറിയാതെ കളിയിൽ ലയിച്ചിരിക്കുകയായിരുന്നു. ഉദിച്ചുയർന്ന സൂര്യന്റെ ആദ്യ രശ്മി തന്നെ ആ മഞ്ഞുതുള്ളിയെ ലക്ഷ്യമാക്കി വരുന്നതുപോലെ എനിക്ക് തോന്നി. അത് ശരിയായിരുന്നു. ആ കൊച്ചു മഞ്ഞു തുള്ളിയെ ലക്ഷ്യമാക്കി വരുന്ന സൂര്യരശ്മി കണ്ടപ്പോഴേ ഞാൻ കണ്ണുകൾ ഇറക്കി അടച്ചു. പിന്നെ പതിയെ കണ്ണു തുറന്നു നോക്കി.  ആ മഞ്ഞുതുള്ളി അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല.ആ ആർക്കരശ്മിയിൽ അതിന്റെ ജീവിതം അലിഞ്ഞില്ലാതായിരുന്നു.

Comments